Wednesday, June 22, 2016

തറാവീഹ്, ലൈലത്തുല്‍ ഖദ്ര്‍

റമദാനില്‍ മാത്രമുള്ള ഒരു ഇബാദത്താണ് തറാവീഹ് നിസ്‌കാരം. ഇശാ നിസ്‌കാരത്തിന്റെയും സുബ്ഹിയുടെയും ഇടയിലാണ് ഇത് നിര്‍വ്വഹിക്കേണ്ടത്. രണ്ടു റക്അത്തു വീതം ഇരുപത് റക്അത്ത് നിസ്‌കരിക്കണം. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടല്‍ നിര്‍ബന്ധമാണ്. നാലു റക്അത്ത് ഒന്നിച്ചു നിസ്‌കരിച്ചാല്‍ ശരിയാവുകയില്ല. തറാവീഹിനു ശേഷം വിത്‌റ് നിസ്‌കരിക്കണം. രണ്ടും ജമാഅത്തായി നിസ്‌കരിക്കല്‍ സുന്നത്താണ്.
നാലു റക്അത്ത് ആകുമ്പോള്‍ സ്വഹാബത്ത് അല്‍പം വിശ്രമിച്ചിരുന്നു. ഈ വിശ്രമത്തിന് ‘തര്‍വീഹത്ത്’ എന്നാണ് പറയുക. നാലു ‘തര്‍വീഹത്തു’കള്‍ ഉള്ളതുകൊണ്ടാണ് ഈ നിസ്‌കാരം ‘സ്വലാത്തുത്തറാവീഹ്’ (വിശ്രമവേളകളുള്ള നിസ്‌കാരം) എന്ന പേരില്‍ അറിയപ്പെടാന്‍തുടങ്ങിയത്.
റമദാനില്‍ മാത്രമുള്ള ഒരു പ്രത്യേക നിസ്‌കാരമാണ് ‘തറാവീഹ്’ എന്നും അത് ഇരുപത് റക്അത്താണെന്നും പ്രബലമായ ഹദീസുകള്‍ കൊണ്ടും മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) കൊണ്ടും സ്ഥിരപ്പെട്ടതാണ്.

”റമദാന്‍ മാസം പകല്‍ സമയത്ത് വ്രതാനുഷ്ഠാനം അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രി നിസ്‌കാരം അവന്‍ സുന്നത്താക്കുകയും ചെയ്തിരിക്കുന്നു”എന്ന് ഹദീസില്‍ കാണാം. ‘അല്ലാഹുവില്‍ വിശ്വസിച്ചും അവനില്‍നിന്ന് പ്രതിഫലം മോഹിച്ചും ഒരാള്‍ റമദാന്‍ മാസം നിസ്‌കരിച്ചാല്‍ അവന്റെ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന്’ നബി(സ) പറയുകയുണ്ടായി. (ബുഖാരി,മുസ്‌ലിം)
നബി(സ)യുടെ നേതൃത്വത്തില്‍ ഏതാനും ദിവസമേ തറാവീഹ് ജമാഅത്തായി നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളൂ. പിന്നീട് നിസ്‌കാരത്തിനായി തങ്ങള്‍ പുറത്തുവന്നില്ല. വീട്ടില്‍ വെച്ചു നിസ്‌കരിച്ചു. അതിനു കാരണമായി അവിടുന്നു പറഞ്ഞത്, ‘അത് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു’ എന്നാണ്. (ബുഖാരി, മുസ്‌ലിം). മറ്റുള്ളവര്‍ വീട്ടില്‍വെച്ചോ പള്ളിയില്‍ തന്നെ ഒറ്റയായോ കൊച്ചുകൊച്ചു ജമാഅത്തായോ തറാവീഹ് നിര്‍വഹിച്ചുവന്നു.
ഉമര്‍(റ)വിന്റെ ഭരണകാലം വരെ ഈ നില തുടര്‍ന്നു. പിന്നീട് ഒരു ഇമാമിന്റെ കീഴില്‍ ജമാഅത്തായി ഉമര്‍(റ) അത് പുനഃസ്ഥാപിച്ചു. ഇരുപത് റക്അത്തായിരുന്നു അവരന്ന് നിസ്‌കരിച്ചിരുന്നത്. സ്വഹീഹായ പരമ്പരയോടുകൂടി ഇമാം ബൈഹഖി(റ) ഇത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ആയിരക്കണക്കായ സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ ഈ പ്രവൃത്തി എതിര്‍ത്തില്ല. ഐകകണ്‌ഠ്യേന അംഗീകരിക്കുകയാണ് ചെയ്തത്. നബി
(സ) പഠിപ്പിച്ച തറാവീഹ് നിസ്‌കാരം ഇതാണെന്ന് അവര്‍ മനസ്സിലാക്കിയതു കൊണ്ടാണ് അവര്‍ എതിര്‍ക്കാതിരുന്നത്. പില്‍കാലത്ത് വന്ന മുസ്‌ലിം സമൂഹം ഒന്നടങ്കം ഇത് അംഗീകരിച്ചു. അവര്‍ തറാവീഹ് ഇരുപത് റക്അത്ത് നിസ്‌കരിച്ചു.

തറാവീഹ് ഇരുപത്തിമൂന്ന് റക്അത്തായി ഇമാം മാലിക്(റ) റിപ്പോര്‍ട്ടു ചെയ്തതിനെക്കുറിച്ച് ഇമാം ബൈഹഖീ(റ) പറയുന്നു: ”അത് ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റുമാണ്.”
അതുപോലെ മദീനക്കാര്‍ മുപ്പത്തിആറ് റക്അത്ത് തറാവീഹ് നിസ്‌കരിച്ചതായി കാണാം. യഥാര്‍ത്ഥത്തില്‍ അതു മുഴുവന്‍ തറാവീഹ് അല്ല. ഇരുപത് റക്അത്തു മാത്രമേ അതില്‍ തറാവീഹ് ഉള്ളൂ. അവര്‍ പതിനാറ് റക്അത്ത് സുന്നത്ത് നിസ്‌കാരം തറാവീഹിനൊപ്പം നിസ്‌കരിച്ചിരുന്നു. അതിന്റെ പശ്ചാതലം ഇമാം ഖല്‍യൂബി വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്:
”തറാവീഹിന്റെ നാലു വിശ്രമ വേളകളില്‍ മക്കക്കാര്‍ ത്വവാഫ് ചെയ്യുമായിരുന്നു. മക്കക്കാര്‍ ഇടവേളകളില്‍ നടത്തുന്ന ത്വവാഫിനു പകരമായി മദീനക്കാര്‍ വിശ്രമ വേളകളില്‍ നാല് റക്അത്തു വീതം സുന്നത്ത് നിസ്‌കരിച്ചു. അങ്ങനെയാണ് മുപ്പത്താറു റക്അത്ത് വരുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഇത് തുടങ്ങിയത്. ഇമാം ശഫിഈ(റ) പറയുന്നു: ”മദീനക്കാര്‍ക്കും ഇരുപത് റക്അത്ത് തന്നെയാണ് ഞാനിഷ്ടപ്പെടുന്നത്.” എന്നാല്‍ മദീനക്കാരല്ലാത്തവര്‍ക്കു ഇടവേളയിലുള്ള ഈ സുന്നത്ത് നിസ്‌കാരം അനുവദനീയമല്ല. (ഖല്‍യൂബി -മഹല്യ 1:217)
തറാവീഹ് നിസ്‌കാരം ഇരുപതു റക്അത്താണെന്ന മുസ്‌ലിം ലോകത്തിന്റെ ഐകകണ്‌ഠ്യേന(ഇജ്മാഅ്)യുള്ള നിലപാടിനെതിരെ ഈയിടെ ഇറങ്ങിത്തിരിച്ച തിരുത്തല്‍വാദികളുടെ ജല്‍പനങ്ങള്‍ അവഗണിക്കാവുന്നതേയുള്ളൂ. കാരണം, തറാവീഹ് ഇരുപത് റക്അത്താണെന്നും അത് റമദാനിലെ ഒരു പ്രത്യേക നിസ്‌കാരമാണെന്നും ഒരിക്കല്‍ അവര്‍ തങ്ങളുടെ പാഠപുസ്തകത്തിലെഴുതി. പിന്നീട് അത് എട്ടാണെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോള്‍ തറാവീഹ് എന്ന ഒരു പ്രത്യേക നിസ്‌കാരംതന്നെയില്ല എന്ന അഭിപ്രായത്തിലാണ്. അവരുടെ ഈ  കുഴഞ്ഞുമറിഞ്ഞ നിലപാടു തന്നെ അവരുടെ ബാലിശമായ വാദത്തിന്റെ നിജസ്ഥിതിയിലേക്ക് വിരല്‍ചൂണ്ടുന്നു.

സ്ത്രീകളും തറാവീഹ് നിസ്‌കാരവും
പുരുഷന്‍മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും തറാവീഹ് നിസ്‌കാരം സുന്നത്തുണ്ട്. ഒറ്റക്കോ ജമാഅത്തോ ആയി അവര്‍ക്ക് നിര്‍വഹിക്കാം. പക്ഷെ പള്ളിയില്‍പോയി പരപുരുഷന്‍മാരോടൊപ്പം അവര്‍ ജമാഅത്തില്‍ പങ്കെടുത്തുകൂടാ. അതുകൊണ്ടവര്‍ക്കു പുണ്യവും ലഭിക്കില്ല.

എന്നാല്‍ തിരുത്തല്‍വാദികളായ പുത്തന്‍പ്രസ്ഥാനക്കാര്‍ സ്ത്രീകളെ പള്ളിയിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കുപ്രചരണങ്ങളില്‍ പെട്ടു പല സ്ത്രീകളും വഞ്ചിതരാകുന്നു.
പുണ്യം വിചാരിച്ചാണ് ഈ സ്ത്രീകള്‍ പള്ളിയില്‍പോകുന്നതെങ്കില്‍ അവരോട് നമുക്ക് പറയാനുള്ളത് ഈ പള്ളിയില്‍പോക്കു കൊണ്ട് ഒരു പുണ്യവും ലഭിക്കില്ലെന്നാണ്. കാരണം, വല്ല പുണ്യവും ലഭിച്ചിരുന്നെങ്കില്‍ നബി(സ)യുടെ ഭാര്യമാര്‍ ജുമുഅ-ജമാഅത്തിനായി പള്ളിയില്‍ പോകുമായിരുന്നു. അതുണ്ടായിട്ടില്ല. ഇമാം ശാഫിഈ (റ) പറയുന്നത് കാണുക:
”നബി(സ)യുടെ ഭാര്യമാരില്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയില്‍ പോയതായി നാം അറിഞ്ഞിട്ടില്ല.” (ഇഖ്തിലാഫുല്‍ ഹദീസ്)

മദീനാ പള്ളിയില്‍ വന്നു നബി(സ)യോടൊപ്പം ജമാഅത്തായി നിസ്‌കരിക്കാന്‍ അനുവാദം ചോദിച്ച ഉമ്മു ഉബൈദ(റ) എന്ന സ്വഹാബി വനിതയോട് നബി(സ) പറഞ്ഞത്, ”നന്റെ വീട്ടില്‍ വെച്ചു നിസ്‌കരിക്കലാണ് പള്ളിയില്‍ വന്നു എന്നോടൊപ്പം നിസ്‌കരിക്കുന്നതിനേക്കാള്‍ നിനക്കു പുണ്യകരം” എന്നാണ്. (അഹ്മദ്, ഇബ്‌നു ഖുസൈമ, ഇബ്‌നുഹിബ്ബാന്‍)
ഫിത്‌നയും ഫസാദും വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇല്ലാത്ത പുണ്യത്തിന്റെ പേരു പറഞ്ഞ് സ്ത്രീ സമൂഹത്തെ പുറത്തിറക്കാന്‍ ശ്രമിക്കുന്നവര്‍ അതിനു കനത്ത വില നല്‍കേണ്ടി വരും, തീര്‍ച്ച.
ലൈലത്തുല്‍ ഖദ്ര്‍
റമദാനിലെ ഒരു വിശിഷ്ഠ രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ഖുര്‍ആന്‍ അവതരിച്ചത് ആ രാവിലാണ്. ആയിരം മാസത്തെക്കാള്‍ മഹത്വമുണ്ടതിന്. മലക്കുകളും റൂഹും(ജിബ്‌രീല്‍)ആ രാത്രി ഇറങ്ങിവരും. പ്രഭാതം വരെ ശാന്തസാന്ദ്രമായിരിക്കുമത്. ഖുര്‍ആന്‍ 96-ാം അധ്യായത്തില്‍ അത് വിവരിക്കുന്നുണ്ട്.
”വിശ്വസിച്ചും പ്രതിഫലം മോഹിച്ചും കൊണ്ട് ആ രാത്രി ഒരാള്‍ നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.” (ബുഖാരി, മുസ്‌ലിം)

റമദാന്‍ അവസാനത്തെ പത്തിലെ ഒറ്റ രാവുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത്. റമദാന്‍ ഇരുപത്തി ഒന്നാമത്തെയോ ഇരുപത്തി മൂന്നാമത്തെയോ രാവാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് ഇമാം ശാഫിഈ(റ)വിന്റെ പക്ഷം. ഇരുപത്തി ഏഴാം രാവാണെന്നാണ് ഇബ്‌നു അബ്ബാസ്(റ) പറയുന്നത്. പുരാതന കാലം മുതലേ ജനങ്ങള്‍ ആദരിച്ചു പോരുന്നതും അധിക പണ്ഡിതന്‍മാരുടെ അഭിപ്രായവും ഇരുപത്തി ഏഴാകുന്നു. (ശര്‍വാനി 3:462 നോക്കുക.)

ഓരോ വര്‍ഷവും വ്യത്യസ്ത രാവുകളിലേക്ക് ലൈലത്തുല്‍ ഖദ്ര്‍ മാറിക്കൊണ്ടിരിക്കും, എല്ലാ വര്‍ഷവും ഒരേ രാവുതന്നെയായിക്കൊള്ളണമെന്നില്ല എന്നാണ് ഇമാം നവവി(റ) ബലപ്പെടുത്തിയിട്ടുള്ളത്. വിവിധ ഹദീസുകളില്‍ വന്ന ഇരുപത്തി ഒന്ന്, ഇരുപത്തി മൂന്ന് തുടങ്ങിയ വൈവിധ്യങ്ങളെ സംയോജിപ്പിക്കാന്‍ ഈ അഭിപ്രായത്തിലൂടെ കഴിയുമെന്നതുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായത്തെ ബലപ്പെടുത്തിയത്. (ഇആനത്ത് 2:257 നോക്കുക.)
റമദാന്‍ അവസാനത്തെ പത്തില്‍ കൂടുതല്‍ പുണ്യകര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും ഏര്‍പ്പെടല്‍ സുന്നത്താണ്. ആ ദിനരാത്രങ്ങളില്‍ ഇബാദത്തിനു വേണ്ടി പ്രത്യേകം തയ്യാറാവണം. നബി(സ)യും സ്വഹാബത്തും അങ്ങനെയാണ് ചെയ്തിരുന്നത്.

Saturday, June 18, 2016

ഇഅ്തികാഫും പ്രതിഫലവും

നിയ്യത്തോടുകൂടി പള്ളിയില്‍ താമസിക്കുന്നതിന്ന് ‘ഇഅ്തികാഫ്’ എന്നു പറയുന്നു. ഈ പള്ളിയില്‍ താമസിക്കാന്‍ ഞാന്‍ കരുതി എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. ഇത് ശക്തമായ സുന്നത്തുകളില്‍ പെട്ടതാണ്. റമളാന്‍ മാസത്തിലും അല്ലാത്തപ്പോഴും ഇഅ്തികാഫ് സുന്നത്തുണ്ട്. ബഹു: റസൂല്‍ (സ) വഫാത്താകുന്നതുവരെ റമളാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കുകയും അതൊരു നിര്‍ബന്ധകാര്യം പോലെ പരിഗണിച്ചു പോരുകയും ചെയ്തിരുന്നു. ഇപ്രകാരം നബി യുടെ ഭാര്യമാരും ഇഅ്തികാഫ് പതിവാക്കിയിരുന്നു.
ഇഅ്തികാഫ് നബിക്ക് മുമ്പ് തന്നെയുള്ളതാണ്. അതിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും എന്റെ ഭവനത്തെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് വേണ്ടിയും അതില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് വേണ്ടിയും അതിനെ നിങ്ങള്‍ ശുദ്ധിയാക്കുക എന്ന് നാം കരാര്‍ ചെയ്തു.
പള്ളിയില്‍പെട്ട ഏതെങ്കിലും സ്ഥലത്ത് നമസ്‌കാരത്തില്‍ അടങ്ങിത്താമസിക്കുന്ന സമയത്തില്‍ കൂതുതല്‍ സാമസിക്കുക എന്നതാണ് ഇഅ്തി കാഫ് കൊണ്ടുള്ള വിവക്ഷ. അത് നടന്നോ നിന്നോ ആയാലും മതി. ഇഅ്തികാഫിന്ന് നാല് ഫര്‍ളുകളുണ്ട്: 1) മേല്‍പറഞ്ഞ പോലെ നിയ്യത്ത് ചെയ്യുക. നേര്‍ച്ചയാക്കിയ കാരണത്താല്‍ നിര്‍ബന്ധമായതായാല്‍, ഫര്‍ളായ ഇഅ്തികാഫാണെന്ന് നിയ്യത്ത് ചെയ്യണം. ഇത്രദിവസം എന്ന് നിജപ്പെടുത്താതെ ഇഅ്തികാഫിരിക്കുന്നവര്‍ പള്ളിയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍, തിരിച്ചുവരും എന്ന ഉദ്ദേശ്യം കൂടാതെയാണ് പോയതെങ്കില്‍ പള്ളിയില്‍ വീണ്ടും കടന്നാല്‍ നിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ മാത്രമെ ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ. ദിവസം നിജപ്പെടുത്തിയവര്‍ മലമൂത്ര വിസര്‍ജ്ജനം മുതലായ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്ത് പോയാല്‍ വീണ്ടും പള്ളിയില്‍ പ്രവേശിക്കുമ്പോഴും നിയ്യത്ത് ചെയ്യണം. തിരിച്ചുവരും എന്ന ഉദ്ദേശ്യത്തോടെ പോയവര്‍ വീണ്ടും നിയ്യത്ത് ചെയ്യേണ്ടതില്ല. ഇത്ര ദിവസം എന്ന് നിജപ്പെടുത്തി ഇഅ്തികാഫിരിക്കുന്നവര്‍ക്ക് മലമൂത്രവിസര്‍ജ്ജനം, നിര്‍ബന്ധമായ കുളി, നജസ് കഴുകല്‍, ഭക്ഷണം കഴിക്കല്‍ എന്നിവക്ക് പള്ളിയുടെ പുറത്തു പോകാം. കക്കൂസില്‍ പോയി വരുമ്പോള്‍ വുളു എടുക്കുകയും ചെയ്യാവുന്നതാണ്. ഇവര്‍ വീണ്ടും പ്രവേശിക്കുമ്പോള്‍ നിയ്യത്ത് പുതുക്കേണ്ടതില്ല. സുന്നത്തായ വുളു, കുളി എന്നിവക്ക് വേണ്ടി പുറത്ത് പോകല്‍ അനുവദനീയമല്ല.

2) നമസ്‌കാരത്തിലെ റുകൂഅ് മുതലായവയില്‍ താമസിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയമായിരിക്കുക, 3) പള്ളിയിലായിരിക്കുക. ശരീരത്തില്‍നിന്ന് അല്‍പം പള്ളിക്കു പുറത്താകുന്നതു കൊണ്ട് വിരോധമില്ല. മക്ക, മദീന, ബൈത്തുല്‍ മുഖദ്ദസ് എന്നീ പള്ളികളില്‍ ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതിനു പകരം മറ്റു പള്ളികളില്‍ പോരാ. എന്നാല്‍ മദീനാപള്ളിയിലും ബൈതുല്‍ മുഖദ്ദസിലും ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയവര്‍ അതിനു പകരം മക്കയിലെ പള്ളിയില്‍ അത് നിര്‍വ്വഹിച്ചാല്‍ മതിയാകും. ഇപ്രകാരം തന്നെ മദീനാ പള്ളിയിലിരുന്നാല്‍ ബൈത്തുല്‍ മുഖദ്ദസിന്റെ നേര്‍ച്ചയും വീടും. ഈ മൂന്ന് പള്ളിയല്ലാത്ത മറ്റ് ഏതെങ്കിലും പള്ളിയില്‍ ഇഅ്തികാഫിനെ നേര്‍ച്ചയാക്കിയാല്‍ അതിന്നുപകരം വേറെ പള്ളിയില്‍ ഇരിക്കല്‍ മതിയാകുന്നതാണ്. 4) ഇഅ്തികാഫ് ഇരിക്കുന്നവര്‍ മുസ്‌ലിമും ബുദ്ധിക്ക് സ്ഥിരതയുള്ളവരും വലിയ അശുദ്ധിയില്ലാത്തവരുമായിരിക്കുക.
ഇത്രദിവസം എന്ന് നിജപ്പെടുത്തി ഇഅ്തികാഫിനെ നേര്‍ച്ചയാക്കിയവര്‍ ദീനിയോ ഭൗതികമോ ആയ ഇന്നിന്ന കാര്യങ്ങള്‍ക്ക് പുറത്ത് പോകുമെന്ന് കരുതിയാല്‍ അവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്. അപ്പോള്‍ സുന്നത്തായ വുളു, കുളി, യാത്ര കഴിഞ്ഞ് വന്നവരേയും നേതാക്കളെയും സന്ദര്‍ശിക്കല്‍ തുടങ്ങിയവക്ക് വേണ്ടിയെല്ലാം പുറത്തു പോകാം. നേര്‍ച്ചയാക്കിയ ഇഅ്തികാഫില്‍ കക്കൂസില്‍ പോകല്‍, നിര്‍ബന്ധമായ കുളി എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ പുറത്ത് പോകരുത്. സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ പള്ളിയില്‍ താമസിക്കല്‍ നിഷിദ്ധമാകുന്നത് കൊണ്ട് പുറത്ത് പോകണം. ഓര്‍മ്മയോടും അറിവോടും കൂടി പള്ളിയില്‍ വെച്ചോ മറ്റോ സംയോഗമുണ്ടായാല്‍ ഇഅ്തികാഫ് നിഷ്ഫലമാകുന്നതാണ്.
റമളാനില്‍ ഇഅ്തികാഫിനുദ്ദേശിക്കുന്നവര്‍ പെരുന്നാള്‍ നമസ്‌കാരം വരെ ഇരിക്കുന്നതും ഒടുവിലത്തെ പത്തിന്ന് മുമ്പ് തന്നെ അതില്‍ പ്രവേശിച്ചു ആരാധനകളില്‍ മുഴുകുന്നതും സുന്നത്താകുന്നു. ഒടുവിലത്തെ പത്തിലെ ലൈലത്തുല്‍ ഖദ്‌റില്‍ ഇബാദത്ത് ചെയ്യല്‍ ആ രാത്രി ഇല്ലാത്ത ആയിരം മാസം ഇബാദത്ത് ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമായതാണ്. ലൈലത്തുല്‍ ഖദ്ര്‍ റമളാന്റെ ഒടുവിലത്തെ പത്തിലെ ഒറ്റയായി വരുന്ന രാത്രികളിലാവാനാണ് കൂടുതല്‍ സാധ്യത എന്ന് മഹാന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇരുപത്തി ഒന്നിലോ ഇരുപത്തി മൂന്നിലോ ആയിരിക്കാനാണ് കൂടുതല്‍ സാധ്യത എന്ന് ഇമാം ശാഫിഇ(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. ആയത് കൊണ്ട് ആ രാത്രി കരസ്ഥമാക്കാന്‍ വേണ്ടി ഒറ്റയായിവരുന്ന എല്ലാ രാവുകളിലും ഉറക്കമൊഴിച്ചു നമസ്‌കാരം മുതലായ ആരാധനകളില്‍ ഏര്‍പ്പെടുന്നത് ഏറ്റവും ഉത്തമമായതാണ്:
(അല്ലാഹുവേ, നീ വളരെ മാപ്പ് ചെയ്യുന്നവനും അത് ഇഷ്ടപ്പെടുന്നവനുമാണ്. അതു കൊണ്ട് എനിക്ക് നീ മാപ്പ് ചെയ്യേണമേ) എന്ന ദുആ ഒടുവിലെ പത്തില്‍ രാത്രിയും പകലും അധികമാക്കുന്നതും സുന്നത്താകുന്നു. പിറ്റേന്ന് സൂര്യപ്രകാശം കുറഞ്ഞിരിക്കുക, ചൂടും തണുപ്പും ശക്തിയില്ലാതിരിക്കുക എന്നിവയെല്ലാം ലൈലത്തുല്‍ഖദ്‌റിന്റെ അടയാളമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ആ രാവില്‍ അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചും പ്രതിഫലമാഗ്രഹിച്ചും അല്ലാഹുവിലും ആ രാവിലും വിശ്വാസമുള്ളവനായും നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ പാപങ്ങളും വരാനിരിക്കുന്ന പാപങ്ങളും പൊറുക്കപ്പെടുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. റമളാന്‍ മാസത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ മഗ്‌രിബ് ഇശാഅ് എന്നിവ ജമാഅത്തായി ഒരാള്‍ നമസ്‌കരിച്ചാല്‍ ലൈലത്തുല്‍ഖദ്‌റിന്റെ വലിയൊരംശം അവന്‍ കരസ്ഥമാക്കി എന്ന് ഹദീസില്‍ വന്നിരിക്കുന്നു. മറ്റൊരു നബി വചനത്തില്‍ റമളാനിലെ ഇശാ നമസ്‌കാരം പതിവായി ഒരാള്‍ ജമാഅത്തായി നമസ്‌കരിച്ചാല്‍ ലൈലത്തുല്‍ഖദ്‌റിനെ അവന്‍ കൈവരിച്ചു എന്നും വന്നിട്ടുണ്ട്.
ലൈലത്തുല്‍ഖദ്ര്‍ ഈ സമുദായത്തിന്ന് മാത്രമുള്ളതാണ്: അത് ലോകാവസാനം വരെ ശേഷിക്കുന്നതുമാണ് എന്ന് ഇഖ്‌നാഅ്, അന്‍വാര്‍, തുഹ്ഫ മുതലായ ഗ്രന്ഥങ്ങളിലും മറ്റും പറഞ്ഞിരിക്കുന്നു.

കാരുണ്യപ്രവര്‍ത്തനങ്ങളുടെ മാസം

തിരുനബി (സ്വ) പറഞ്ഞു: “ഒരു യാത്രക്കാരന്‍.  ദാഹിച്ചവശനായിരിക്കുന്നു.  ഒരു കിണര്‍ കണ്ടപ്പോള്‍ അയാളതിലിറങ്ങി ദാഹം തീര്‍ത്ത്‌ പുറത്തു കടന്നു.  അപ്പോള്‍ ദാഹിച്ചു നില്‍ക്കുന്നൊരു പട്ടിയെ കണ്ടു.  ദാഹത്താല്‍  മണ്ണ് തിന്നുന്നുണ്ട്.  താന്‍ സഹിച്ച അത്ര തന്നെ ദാഹം ഈ പട്ടിയും സഹിക്കുന്നല്ലോ എന്നയാള്‍ക്ക് തോന്നി.  അയാള്‍ വീണ്ടു കിണറ്റിലിറങ്ങി.  തന്റെ ‘ഖുഫ്ഫ’ (ഷൂ) യില്‍ വെള്ളം നിറച്ചു കടിച്ചു പിടിച്ചു തിരിച്ചു കയറി.  പട്ടിയെ കുടിപ്പിച്ചു.  അപ്പോള്‍ അയാളോടുള്ള നന്ദിയെന്നോണം അല്ലാഹു അയാളുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും സ്വര്‍ഗ്ഗ പ്രവേശം അനുവദിക്കുകയും ചെയ്തു.”  ഇത് കേട്ടപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു: “മൃഗങ്ങളിലും നമുക്ക് പ്രതിഫലം ലഭിക്കുമോ?”  തിരുനബി (സ്വ) മറുപടി പറഞ്ഞു: “ജീവന്‍ തുടിക്കുന്നവയിലെല്ലാം പ്രതിഫലം ലഭിക്കും” (ബുഖാരി, മുസ്‌ലിം)
വിശന്നു വിറയ്ക്കുന്ന ഒട്ടനേകം ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നു നമുക്കറിയാം.  ഒരുപക്ഷെ അവരുടെ കൃത്യമായ കണക്കും തിട്ടമുണ്ടായിരിക്കും.  പക്ഷെ, അവരുടെ ഉള്ളിന്റെ കാളല്‍ ബോധ്യപ്പെടണമെങ്കില്‍ അതൊന്നനുഭവിച്ചറിയുക തന്നെ വേണം.  ആ കൊണ്ടറിവിനുള്ളൊരു  വഴി കൂടിയാണീ വ്രതാനുഷ്ടാനം.  ദാഹം അനുഭവിച്ചറിഞ്ഞൊരു മനുഷ്യന്‍ പട്ടിയുടെ ദാഹവും മനസ്സിലാക്കിയത് പോലെ, പട്ടിണിപ്പാവങ്ങളുടെ ദീനരോദനം കേള്‍ക്കാന്‍ നമുക്കീ നോമ്പിലൂടെ സാധിക്കണം.  പട്ടിണിക്കോലങ്ങള്‍ ഈ ഭൂമിയുടെ അലങ്കാരമല്ല.  നമ്മെപ്പോലെ മജ്ജയും മാംസവും എല്ലാം ഉണ്ടാവേണ്ടവരായിരുന്നു അവരും.  വിധിയുടെ നറുക്ക് വീണത്‌ അവര്‍ക്കായിപ്പോയതാണ്.  നമുക്ക് ലഭിച്ച ഭക്ഷണപാനീയങ്ങളും അഴകും ആരോഗ്യവും സമ്പത്തും സൗകര്യങ്ങളുമെല്ലാം അല്ലാഹു കനിഞ്ഞു നല്‍കിയതാണെന്നും, ഇല്ലായ്മ മാത്രം സ്വന്തമായുള്ള അഗതികളിലൂടെ അവന്‍ നമ്മെ പരീക്ഷിക്കുകയാണെന്നുമുള്ള   തിരിച്ചറിവാണ് വിശ്വാസികളെ വ്യതിരിക്തരാക്കുന്നത്.  ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും എന്ന നയം നമ്മുടെ സംസ്കൃതിക്ക്  ചേര്‍ന്നതല്ല.  വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “അല്ലാഹു അവര്‍ക്ക് അനുഗ്രഹമായി നല്‍കിയവയില്‍  പിശുക്ക് കാണിക്കുന്നവര്‍, അതവര്‍ക്ക് നല്ലതാണെന്ന് ഒരിക്കലും കരുതേണ്ട, മറിച്ചു അതവര്‍ക്ക് നാശമാണ്.  അവര്‍ പിശുക്ക് കാട്ടി പിടിച്ചുവച്ചതെല്ലാം ഉയെര്‍ത്തെഴുന്നേല്പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ ചാര്‍ത്തപ്പെടും.  അല്ലാഹുവിന്നാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം.  അവരുടെ ചെയ്തികളെല്ലാം സൂക്ഷ്മമായി അവന്നറിയാം. (സൂറ: ആലു ഇമ്രാന്‍)

സ്വര്‍ണ്ണവും വെള്ളിയും തങ്കരിച്ചു വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ, അവരോടു കഠിനമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക (സൂറ: തൌബ)
സകല ചാരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന തിരുനബി (സ്വ) കാരുണ്യപ്രവര്‍ത്തങ്ങളുടെ നിരവധി കവാടങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നു തന്നു.  സഹജീവികളെ സഹായിക്കാനും സാന്ത്വനപ്പിക്കാനും ചെയ്യുന്ന സേവനങ്ങളെന്തോ, അവയ്ക്കെല്ലാം പ്രതിഫലം തീര്‍ച്ച.  “ഒരാളൊരു വൃക്ഷം നട്ടു, അതില്‍നിന്നു മനുഷ്യനോ മൃഗമോ പക്ഷിയോ ഭക്ഷിച്ചാല്‍ പോലും പ്രതിഫലം നല്‍കപ്പെടുമെന്നു” (മുസ്‌ലിം) പഠിപ്പിച്ച തിരുനബി (സ്വ) മറ്റൊരിടത്ത് പറഞ്ഞു: “ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പരിലസിക്കുന്നതായി ഞാന്‍ കണ്ടു.  അതിനു കാരണം, വഴിയിലേക്ക് ചാഞ്ഞു നിന്ന് ജനങ്ങള്‍ക്ക്‌ പ്രയാസമായൊരു മരക്കൊമ്പ്  അയാള്‍ മുറിച്ചു ഒഴിവാക്കിക്കൊടുത്തിരുന്നു”. (മുസ്‌ലിം).  തിരുനബിയും (സ്വ) അനാഥ സംരക്ഷകനും സ്വര്‍ഗ്ഗത്തില്‍, രണ്ടു വിരലുകള്‍ അടുത്തു നില്‍ക്കുന്നത് പോലെ, അടുത്തായിരിക്കുമത്രെ (ബുഖാരി).  “വിധവള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രയത്നിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവനെപ്പോലെയോ രാത്രി മുഴുവന്‍ അക്ഷീണം നിന്ന് നമസ്കരിക്കുകയും ഇടവിടാതെ നോമ്പെടുക്കുകയും ചെയ്യുന്നവനെപ്പോലെയോ ആകുന്നു” (ബുഖാരി, മുസ്‌ലിം).  ഇങ്ങനെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോദ്സാഹിപ്പിക്കുന്ന തിരുവചനങ്ങള്‍ അനവധിയുണ്ട്.  അവിടുന്ന് ചുരുക്കിപ്പറഞ്ഞു: “എല്ലാ ഉപകാരവും ദാനമാണ്” (ബുഖാരി, മുസ്‌ലിം).
സഹജീവി ചിന്തയും കാരുണ്യ പ്രവര്‍ത്തനങ്ങളും, ശരിയായ വിശ്വാസത്തിന്റെ അളവ്കോലും പടച്ചവന്റെ അനുഗ്രഹം ലഭിക്കാനുള്ള നിദാനവുമാണ്.  തിരുധൂതര്‍ (സ്വ) പഠിപ്പിച്ചു: “സ്വന്തത്തിനു ഇഷ്ടപ്പെടുന്നതെന്തോ അത് തന്റെ സഹോദരനും അഭിലഷിക്കുന്നത് വരെ നിങ്ങളിലാരും യഥാര്‍ത്ഥ വിശ്വാസി ആകുകയില്ല”  (ബുഖാരി).  അല്ലാഹു ഏറെ കരുണാമയനാണെങ്കിലും അവന്റെ കടാക്ഷം ലഭിക്കണമെങ്കില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായേ തീരൂ.  തിരുനബി (സ്വ) ഓര്‍മ്മിപ്പിച്ചു: “ജനങ്ങളോട് കരുണ ചെയ്യാത്തവരോട് അല്ലാഹുവും കരുണ ചെയ്യുകയില്ല”  (ബുഖാരി, മുസ്‌ലിം).  കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന മാസമാണ് പുണ്യ റമസാന്‍.  ഇനിയൊരു റമസാന്‍ കൂടി ലഭിക്കുമെന്ന് തീര്‍ച്ചയില്ലല്ലൊ.  അല്ലാഹു പറയുന്നു: “സത്യവിശ്വാസികളെ, ക്രയവിക്രയമോ സ്നേഹബന്ധമോ  ശിപാര്‍ശയോ നടക്കാത്തൊരു ദിവസം വന്നെത്തുന്നതിനു മുമ്പ് തന്നെ, നിങ്ങള്ക്ക് നാം നല്കിയുട്ടള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍.  സത്യനിഷേധികള്‍ തന്നെയാണ് അക്രമികള്‍” (സൂറ: അല്‍ബഖറ)